വേടൻ
ഹിരൺ ദാസ് മുരളി (വേടൻ ) വളരെ പെട്ടെന്ന് ആണ് ലക്ഷക്കണക്കിന് വരുന്ന ആസ്വാദക ഹൃദയങ്ങളിലേക്ക് ഇടംപിടിച്ചത്. അവഗണനയും ജാതി അധിക്ഷേപവും തന്നെ ഒരുപാട് വേട്ടയാടുന്നു എന്ന് ആദ്യകാലത്തെ ഇന്റർവ്യൂകളിൽ ഹിരൺ ദാസ് മുരളി പറഞ്ഞിരുന്നു. തങ്ങളുടെ ജാതിക്കാർ എന്നും തൊഴിലിടങ്ങളിൽ ആണെന്നും സ്വന്തമായി മണ്ണും വീടും ഇല്ലാത്തവരാണെന്നും പറഞ്ഞിരുന്നു. എന്റെ ആദ്യ ആഗ്രഹങ്ങളിൽ ഒന്ന് സ്വന്തമായ ഒരു ഭൂമിയും വീടുമാണെന്നും പറഞ്ഞിരുന്നു. കാലഘട്ടങ്ങൾക്ക് മുന്നേയുള്ള ജീവിതശൈലികളെയാണ് ഈ ചെറുപ്പക്കാരൻ അനുസ്മരിച്ചത് എന്ന് തോന്നുന്നു. നന്നായി പുകവലിച്ചിരുന്ന ഒരു ചെറുപ്പക്കാരൻ, ഒരു യൂട്യൂബ് ബ്ലോഗറുടെ കൂടെ മദ്യപിക്കുന്നതും ഇടക്കാലങ്ങളിൽ കണ്ടിരുന്നു. അതിലുപരി സ്റ്റേജ് ഷോകളിൽ പാട്ടിനും ഉപദേശത്തിനും ഒപ്പം തെറി വിളിയും , ഈ ചെറുപ്പക്കാരന്റെ പരിപാടികൾ കാണാൻ വന്നിരിക്കുന്നത് കൂടുതലും വിദ്യാർഥികളാണ്. പെരുമാറ്റവും ചില സമയത്തെ സംസാര ശൈലികളും , ശരീരഭാഷയും എന്തുകൊണ്ടോ ഇയാളിൽ ഒരു സംശയമുളവാക്കിയിരുന്നു. ലഹരി ഉപയോഗിക്കുന്ന ഒരു വ്യക്തിയുടെ പെരുമാറ്റ വൈകല്യങ്ങൾ പലപ്പോഴും, നടൻ ഷൈൻ ടോം ചാക്കോ, വിനായകൻ, ഷൈൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരൊക്കെ നമുക്ക് സോഷ്യൽ മീഡിയയിലൂടെയൊക്കെ തെളിയിച്ചു തന്നതാണ്. ഇനിയും പേരെടുത്ത് പറയാൻ കഴിയുന്ന ഒത്തിരി നടി നടന്മാരും ഗായകരും ഒക്കെ ഇതിൽപ്പെടും. കഴിഞ്ഞദിവസം രണ്ട് സംവിധായകരെയും പോലീസ് പിടിച്ചിരുന്നു. പാട്ടിനിടയിൽ ലഹരി ഉപയോഗിച്ചാൽ ഉണ്ടാകുന്ന ഭവിഷത്തുകളും , അതുമൂലം വീട്ടിലെ അച്ഛനമ്മമാർ വിഷമിക്കുന്നു എന്നുള്ളതും തുടങ്ങി നിരവധി മോട്ടിവേഷൻ സംഭാഷണങ്ങളും, രാഷ്ട്രീയ വിമർശനങ്ങളും ഒക്കെ വേടൻ എന്ന ഗായകൻ കൂടുതൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. പോലീസിന്റെ കസ്റ്റഡി ചോദ്യം ചെയ്യലിൽ സത്യമാണ് ഞാൻ കഞ്ചാവ് ഉപയോഗിച്ചിരുന്നു, ഉപയോഗിക്കാറുണ്ടായിരുന്നു. എന്ന് തുറന്നു പറഞ്ഞുകൊണ്ടാണ് വൈദ്യ പരിശോധനയ്ക്ക് പോയത്. ശേഷം സോഷ്യൽ മീഡിയകളിൽ വിമർശിച്ചും അനുകൂലിച്ചും നിരവധിപേർ പോസ്റ്റുകൾ ഇടുന്നുണ്ട്. പ്രശസ്തനായ ഒരു റാപ്പ് സിംഗറിനെ ഒതുക്കാനുള്ള നീക്കമാണ് കരുതിക്കൂട്ടി ചെയ്തതാണ് , പോലീസ് ആരുടെയോ ഉപദേശം കേട്ട് കുടുക്കിയതാണ്, വേടൻ അങ്ങനെ ചെയ്യില്ല, മറ്റുള്ള ഗായകരുടെ മാർക്കറ്റ് ഇടിയുന്നതുകൊണ്ടാണ് തളർത്താൻ ശ്രമിക്കുന്നത് എന്നും. അയാൾ അറിയാതെ കഞ്ചാവ് അവിടെ കൊണ്ടു വച്ചതാണെന്നും ലഹരി ഉപയോഗിക്കുന്നവരെക്കാൾ ബോധമില്ലാതെ സംസാരിക്കുന്നവരെ ആണ് കൂടുതൽ കണ്ടത് . ശരിക്കും ഈ ബോധമില്ലാത്തവരാണ് ഈ നാടിന്റെ ഏറ്റവും വലിയ ശാപം. സംസ്ഥാന വ്യാപകമായി പോലീസും എക്സൈസും മറ്റ് നിയമ സംവിധാനങ്ങളും ഊണും ഉറക്കവും കളഞ്ഞ് വലിയ രീതിയിലുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതുകൊണ്ടാണ് കൊലപാതക പരമ്പര ഉൾപ്പെടെയുള്ള ആക്രമണങ്ങൾക്ക് ഒരു പരിധി വരെ ശമനം കണ്ടത്. ഒരു കാര്യം മനസ്സിലാക്കുക ഈ പിടിക്കപ്പെടുന്ന വ്യക്തികളെ കുടുക്കാൻ ആണെങ്കിൽ മൂന്നു ഗ്രാം 5 ഗ്രാം 7 ഗ്രാം എന്നിങ്ങനെ ഉദ്യോഗസ്ഥർക്ക് കൊണ്ടു വയ്ക്കേണ്ടതില്ല. കൂടിയ അളവിൽ രണ്ടോ മൂന്നോ കിലോ കൊണ്ടു വച്ചാൽ ജാമ്യമില്ല വകുപ്പ് പ്രകാരം അകത്തിടാം. എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസും രജിസ്റ്റർ ചെയ്യാം. രണ്ടുദിവസം മുന്നേ പിടിക്കപ്പെട്ട ഷൈൻ ടോം ചാക്കോ, രണ്ട് സംവിധായകർ , വേടൻ ഉൾപ്പെടെയുള്ളവർക്ക് സ്റ്റേഷൻ ജാമ്യം കിട്ടും കാരണം കൈവശം വയ്ക്കാൻ കഴിയുന്ന അളവിൽ മാത്രമേ പിടിക്കപ്പെട്ടിട്ടുള്ളൂ. പക്ഷേ ഇവിടെ നമ്മൾ മനസ്സിലാക്കേണ്ടത് ലക്ഷക്കണക്കിന് വരുന്ന സ്കൂൾ കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഇവരെ ആരാധിച്ചു ഇവരുടെ ഉപദേശങ്ങളും കേട്ട് വളർന്നു വരുമ്പോൾ സമൂഹത്തെയും നിയമസംവിധാനങ്ങളെയും ഭയമില്ലാതെയായി മാറും . വിനായകൻ, ഹിരൺ ദാസ് മുരളി എന്നിവർ ചിന്തിക്കേണ്ടത് ജാതിയുടെയൊ മതത്തിന്റെയും പേരിൽ നിങ്ങളെയൊന്നും ആരും വേട്ടയാടുന്നില്ല. നിങ്ങൾക്കു മുന്നേ സഞ്ചരിച്ചവർ നേട്ടങ്ങൾ കൈവരിച്ചവർ നിരവധിയാണ്, ഇന്ന് ലഹരി കേസുകളിൽ പിടിക്കപ്പെടുന്നവരിൽ എല്ലാവരും വ്യത്യസ്ത മതത്തിൽ ഉള്ളവരാണ് ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, എല്ലാ മതസ്ഥരും ഉണ്ട് ആൺ പെൺ വ്യത്യാസമില്ലാതെ . ഇവിടെ താഴ്ന്ന ജാതി വലിയ ജാതി ഒന്നുമില്ല അതൊക്കെ ചില പരിഷ്കാരികളുടെ മനസ്സിൽ മാത്രം. മനുഷ്യന്റെ മനസ്സിൽ അതുണ്ടാവില്ല. അംഗീകരിക്കേണ്ട വരെ അംഗീകരിക്കുക തന്നെ ചെയ്യും. അങ്ങനെ ജാതി ഉണ്ടെങ്കിൽ ജാതി പറയുന്നവർ മനസ്സിലാക്കേണ്ടത് ഇവരെയൊക്കെ ആരാധിക്കുന്ന പ്രേക്ഷകർ ഇവരുടെ ജാതിയിൽ പെട്ടവർ മാത്രമല്ല കഴിഞ്ഞ രണ്ടു മൂന്നു ദിവസം മുന്നേ തിരുവനന്തപുരത്തെ കനകക്കുന്നിൽ വേടൻ എന്ന ഗായകനെ കാണാൻ എത്തിയതിൽ മതവും ജാതിയും നോക്കി എണ്ണി തിട്ടപ്പെടുത്താൻ കഴിയില്ലായിരുന്നു. ജനസാഗരം ഒഴുകി നിയന്ത്രിക്കാൻ കഴിയാതെ അവസാനം പോലീസ് പരിപാടി നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.
സമൂഹത്തെ കാർന്നു തിന്നുന്ന കൊന്നു തള്ളുന്ന ലഹരി വ്യാപനത്തെ ചെറുക്കുന്നതിനുവേണ്ടി ഇറങ്ങിത്തിരിച്ച ഉദ്യോഗസ്ഥർ അവരുടെ ജോലിയാണ് ചെയ്യുന്നത്.
ബോധമില്ലാത്ത കമന്റുകൾ എഴുതി വിട്ട് അവരുടെ മനോവീര്യത്തെ തകർക്കരുത് കാരണം ആ മനോവിര്യം നഷ്ടപ്പെട്ടാൽ വരാൻ പോകുന്ന വിപത്ത് അതിലും വലുതാണ്. ലഹരിക്ക് അടിമപ്പെട്ട ഇത്തരം സെലിബ്രേറ്റികളെ കർശനമായും ചികിത്സിക്കാൻ തയ്യാറാകണം. പലതവണ പിടിക്കപ്പെട്ടു വീണ്ടും വീണ്ടും ഇതേ രീതി തന്നെ തുടരുമ്പോൾ ഇവരെ പിന്തുടരുന്ന ഇവരെ അനുകരിക്കുന്ന നാളെയുടെ രാഷ്ട്ര നിർമ്മാണത്തിന്റെ ഭാഗമാകേണ്ട ഒരു ഭാഗം സമൂഹം കൂടി നാശത്തിന്റെ വക്കിലേക്ക് പോകും.
സരുൺ കുമാർ
സംസ്ഥാന ലഹരി വിരുദ്ധ സമിതി…