Dr. R. Sarunkumar

National Vice President (WHRPC)

CGIC National Member

Anti Drug Social Activist

Journalist

Dr. R. Sarunkumar

National Vice President (WHRPC)

CGIC National Member

Anti Drug Social Activist

Journalist

Blog Post

കേരളത്തിലെ ആദ്യത്തെ ആദിവാസി എയർ ഹോസ്റ്റസ്.

April 18, 2025 Blog
കേരളത്തിലെ ആദ്യത്തെ ആദിവാസി എയർ ഹോസ്റ്റസ്.

കേരളത്തിലെ ആദ്യത്തെ ആദിവാസി എയർ ഹോസ്റ്റസ്. കൂലിപ്പണിക്കാരന്റെ മകൾ ഗോപിക ഗോവിന്ദ്. ശ്രമിച്ചാൽ എന്തും നേടാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ഇരുപതിനാലുകാരി മിടുക്കി കുട്ടി🥰🥰

 

കരുവൻചാലിലെ കാവുംകൂടി ആദിവാസി കോളനിയിലെ വീട്ടിലിരുന്നു കുഞ്ഞ് ഗോപിക കണ്ട സ്വപ്നങ്ങൾക്ക് ആകാശത്തോളം ഉയരമുണ്ടായിരുന്നു. മനസ്സിൽ ടേക്ക് ഓഫ് ചെയ്ത ആ സ്വപ്നം ഉയർന്നും താഴ്ന്നുമുള്ള യാത്രയ്ക്കു ശേഷം ലാൻഡ് ചെയ്തുകഴിഞ്ഞു. എയർ ഇന്ത്യ എക്സ‌്പ്രസ്സിൽ എയർ ഹോസ്‌റ്റസ് ആയി ഗോപിക പറന്നു തുടങ്ങിയിട്ട് ഒരു വർഷം. ഗോത്രവർഗത്തിൽ നിന്നുള്ള ആദ്യ മലയാളി എയർ ഹോസ്റ്റസാണു ഗോപിക.

 

എല്ലാവരെയും പോലെ ഒരു സാധാരണ ജോലി വേണ്ടെന്ന തോന്നൽ വെള്ളാട് ഗവണ്മെന്റ് എച്ച്എസ്എസിലെയും കണിയൻചാൽ സ്‌കൂളിലെയും പഠന കാലത്തേ മനസ്സിലുണ്ടായിരുന്നു. ആകാശത്ത് ഉയരെ പറക്കുന്ന വിമാനത്തിൽ ജോലി നേടുക എന്നതായി സ്വപ്നം. കൂലിപ്പണിക്കാരായ ഗോവിന്ദന്റെയും ബിജിയുടെയും മകൾക്ക് അത് എളുപ്പമായിരുന്നില്ല. പ്ലസ്‌ടു കഴിഞ്ഞ ശേഷം താങ്ങാനാകാത്ത ഫീസ് പറഞ്ഞതോടെ ഏവിയേഷൻ കോഴ്സ് എന്ന സ്വപ്നത്തിന് അവധി കൊടുത്ത് കണ്ണൂർ എസ്എൻ കോളേജിൽ ബിഎസ്സി കെമിസ്ട്രിക്കു ചേർന്നു.

 

ഡിഗ്രി കഴിഞ്ഞ് ഒരു വർഷം ജോലിക്കു പോയി. പത്രത്താളിൽ യൂണിഫോമിട്ട ക്യാബിൻ ക്രൂവിൻ്റെ ചിത്രം കണ്ടതോടെ ഗോപികയുടെ ആഗ്രഹത്തിനു വീണ്ടും ചിറകു വച്ചു. സർക്കാർതലത്തിൽ ഏവിയേഷൻ കോഴ്‌സ് പഠിപ്പിക്കുന്നു എന്നറിഞ്ഞത് അപ്പോഴാണ്. ഒരു വർഷത്തെ ഡിപ്ലോമ കോഴ്സാണ്. ഏവിയേഷൻ രംഗത്തേക്ക് ഒരു വഴി തുറന്നു കിട്ടുമല്ലോ എന്നു കരുതി കോഴ്സിനു ചേർന്നു.

 

വയനാട്ടിലെ ഗ്രീൻ സ്കൈ അക്കാദമി ഗോപികയെ അടിമുടി മാറ്റി. കോഴ്സിന് ഇടയ്ക്കു തന്നെ എയർഹോസ്റ്റസ് ട്രെയിനിങ്ങിനുള്ള ഇന്റർവ്യൂവിൽ പങ്കെടുത്തു തുടങ്ങി. ആദ്യശ്രമത്തിൽ സിലക്ഷൻ കിട്ടിയില്ലെങ്കിലും രണ്ടാം ശ്രമത്തിൽ ഗോപിക തന്റെ സ്വപ്നത്തിലേക്കു പറന്നു കയറി. മുംബൈയിലേക്ക് ട്രെയിനിങ്ങിനായി പോകുമ്പോഴാണ് ഗോപിക ആദ്യമായി വിമാനത്തിൽ കയറുന്നത്. മൂന്നുമാസത്തെ ട്രെയിനിങ്ങിനു ശേഷം ഗോപിക എയർഹോസ്റ്റസിന്റെ യൂണിഫോം അണിഞ്ഞു. ആദ്യത്തെ ഷെഡ്യൂൾ കണ്ണൂർ-ഗൾഫ് റൂട്ടിൽ.

 

“ഒരു സ്വപ്നം മനസ്സിലുണ്ടെങ്കിൽ അത് നേടുമെന്ന ആത്മവിശ്വാസവും അതിനുള്ള ധൈര്യവുമാണു വേണ്ടത്. അതില്ലാത്തിടത്തോളം നമ്മൾ എങ്ങും എത്തില്ല. ഞാൻ ഇതു ചെയ്യാൻ പോകുന്നു എന്ന് അധികമാരോടും പറയാതിരിക്കുക. കഠിനമായി പരിശ്രമിക്കുക നിങ്ങൾ അത് നേടിക്കഴിഞ്ഞ് അതിൻ്റെ റിസൽട്ട് ലോകം കാണട്ടെ. സ്വപ്നങ്ങൾ നമ്മൾ എപ്പോഴും വിഷ്വലൈസ് ചെയ്തുകൊണ്ടിരിക്കണം. മുന്നോട്ടുള്ള യാത്രയിൽ കഴിയുന്നതും ഒരു നെഗറ്റീവും ഉള്ളിലേക്ക് എടുക്കാതിരിക്കുക. നിങ്ങളുടെ സ്വപ്നങ്ങളും ആകാശം തൊടും.❤️❤️❤️

Write a comment
error: Content is protected !!