അറ്റുപോയ പൊക്കിൾക്കൊടിയും ലഹരിയുടെ കരാളഹസ്തങ്ങളും*
*അറ്റുപോയ പൊക്കിൾക്കൊടിയും ലഹരിയുടെ കരാളഹസ്തങ്ങളും*

മരണം ഒരു സ്വാഭാവിക പ്രക്രിയയാണ്, എന്നാൽ സ്വന്തം ചോരയിൽ നിന്ന് പിറന്നവൻ തന്നെ ആയുസ്സിന്റെ നൂലിഴ മുറിക്കുമ്പോൾ അത് പ്രകൃതി നിയമങ്ങൾക്കെതിരെയുള്ള വെല്ലുവിളിയായി മാറുന്നു. കണ്ണൂർ കേളകത്തുനിന്ന് കേട്ട ആ വാർത്ത വെറുമൊരു കൊലപാതക വിവരണമല്ല; അത് നമ്മുടെ കാലഘട്ടം നേരിടുന്ന ഏറ്റവും ഭയാനകമായ ഒരു സാമൂഹിക വിപത്തിന്റെ നേർചിത്രമാണ്. ഒരമ്മയുടെ യാത്ര തുടങ്ങുന്നത് സഹനത്തിന്റെ നിശബ്ദമായ പാതകളിലൂടെയാണ്. ഒമ്പത് മാസക്കാലം സ്വന്തം ശരീരത്തിനുള്ളിൽ മറ്റൊരു ജീവനെ പേറുന്നവൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ സംഘർഷങ്ങൾ വിവരണാതീതമാണ്. പ്രസവവേദനയെന്നത് മരണത്തിന്റെ വക്കോളമെത്തുന്ന പോരാട്ടമാണ്. എന്നാൽ, ആ നൊമ്പരങ്ങൾക്കിടയിലും തന്റെ കുഞ്ഞിന്റെ ആദ്യ കരച്ചിൽ കേൾക്കുമ്പോൾ അവൾ അനുഭവിക്കുന്ന ഒരു സ്വർഗ്ഗീയ സന്തോഷമുണ്ട്; താൻ അനുഭവിച്ച സർവ്വ വേദനകളും ആ നിമിഷം മാഞ്ഞുപോകുന്നു. കൈവെള്ളയിൽ വെച്ച് വളർത്തി, താൻ കഴിക്കുന്ന ആഹാരത്തിൽ പങ്ക് നൽകി, തനിക്ക് ലഭിക്കാത്ത സൗകര്യങ്ങൾ മകന് നൽകി വളർത്തിയെടുത്ത ആ അമ്മ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല—താൻ താരാട്ടു പാടി ഉറക്കിയ ആ കൈകൾ തന്നെ ഒരിക്കൽ തന്റെ കഴുത്തിനു നേരെ കത്തിയോങ്ങുമെന്ന്.
25 വയസ്സുകാരനായ ക്രിസ്റ്റി എന്ന യുവാവ് ഇന്ന് നിയമത്തിന് മുന്നിൽ ഒരു പ്രതിയാണ്. സ്വന്തം മാതാവിന്റെ കഴുത്തറുത്തവൻ എന്ന ക്രൂരമായ ലേബൽ അവനിൽ പതിഞ്ഞു കഴിഞ്ഞു. എന്നാൽ ഇവിടെ ചിന്തിക്കേണ്ട വസ്തുത മറ്റൊന്നാണ്; യഥാർത്ഥ കൊലയാളി ക്രിസ്റ്റിയാണോ? അല്ല. ക്രിസ്റ്റി എന്ന മനുഷ്യനിലെ വിവേകത്തെയും സ്നേഹത്തെയും കൊന്ന്, അവനെ ഒരു വെറും ശരീരമാക്കി മാറ്റിയ ‘ലഹരി’ എന്ന വിപത്താണ് ഇവിടെ യഥാർത്ഥ പ്രതി. മകനെക്കൊണ്ട് അമ്മയെ കൊലപ്പെടുത്തുന്ന, അച്ഛനെ കൊല്ലാൻ ആവേശം നൽകുന്ന ആ അദൃശ്യ കൊലയാളി നമ്മുടെ വീടുകൾക്കുള്ളിൽ പതുങ്ങിയിരിപ്പുണ്ട്. ലഹരിയുടെ ലഹരി വിട്ടുമാറുമ്പോൾ, ബോധത്തിന്റെ വെളിച്ചം തിരികെ വരുമ്പോൾ, താൻ ചെയ്തത് എന്താണെന്നറിയാതെ അവൻ നിലവിളിച്ചേക്കാം. ഒരുപക്ഷേ സ്വന്തം ജീവൻ തന്നെ ഒടുക്കാൻ ശ്രമിച്ചേക്കാം. പക്ഷേ അപ്പോഴേക്കും ഗീതമ്മ എന്ന അമ്മ മണ്ണായിക്കഴിഞ്ഞിരിക്കും. ഈ സംഭവത്തിൽ മരിച്ചവരോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് ജീവിച്ചിരിക്കുന്നവരുടെ വേദന. അച്ഛനായ തങ്കച്ചനെ കൂടി കൊല്ലേണ്ടതായിരുന്നു എന്ന് മകൻ പറയുമ്പോൾ, മരണം നൽകുന്നതിനേക്കാൾ വലിയ വേദനയാണ് അവൻ ആ പിതാവിന് നൽകിയത്. മകന്റെ കൈകൊണ്ട് പ്രിയതമ ഇല്ലാതാകുന്നത് കാണേണ്ടി വന്ന ആ മനുഷ്യൻ അനുഭവിക്കുന്ന നരകയാതന ഏതൊരു മരണത്തേക്കാളും ഭീകരമാണ്. ശരിക്കും ആ മനുഷ്യനെ കൂടി അവൻ കൊല്ലണമായിരുന്നു, കാരണം ഓരോ നിമിഷവും മരിച്ചു ജീവിക്കുന്ന അവസ്ഥയിൽ നിന്ന് അദ്ദേഹത്തിന് മോചനം ലഭിക്കുമായിരുന്നു.
നമ്മുടെ നിയമസംവിധാനങ്ങൾ ഇത്തരക്കാരെ ജയിലിലേക്ക് അയക്കുന്നു. എന്നാൽ അതൊരു ‘ചൂരൽ കഷായം’ പോലെ നിസ്സാരമായി മാറുന്നുണ്ടോ എന്ന് നാം ചിന്തിക്കണം. ലഹരി ഉപയോഗിക്കുന്നവർക്ക് ഒരുപക്ഷേ ചികിത്സയും മോചനവും ആവശ്യമായിരിക്കാം. എന്നാൽ സമൂഹത്തിൽ മാന്യതയുടെ മുഖംമൂടി അണിഞ്ഞു നടക്കുകയും, ലഹരി ഉപയോഗിക്കാതെ അത് വിതരണം ചെയ്ത് ലാഭമുണ്ടാക്കുകയും ചെയ്യുന്ന ആ കൊലയാളി വർഗ്ഗത്തോട് ഒരു ദയയും കാണിക്കാൻ പാടില്ല. മനുഷ്യാവകാശ ലംഘനങ്ങൾക്ക് അപ്പുറമാണ് ഈ വാക്കുകൾ എങ്കിൽ കൂടി, അത്തരക്കാരെ തിരഞ്ഞുപിടിച്ചു കൊല്ലുക തന്നെ വേണം. നിയമസംവിധാനങ്ങൾ മുൻകൈ എടുത്ത് അത്തരത്തിൽ മൂന്നു നാല് പേരെ കൊന്നുതള്ളിയാൽ മാത്രമേ ഈ ഒതുങ്ങാത്ത ലഹരി മാഫിയ ഒതുങ്ങുകയുള്ളൂ. ജയിൽ ശിക്ഷ എന്നത് ഇവർക്ക് വെറുമൊരു വിശ്രമ കേന്ദ്രം മാത്രമാണ്. ഒരു തലമുറയെയും കുടുംബങ്ങളെയും ഇല്ലാതാക്കുന്ന ഈ മാന്യന്മാരായ വിഷവിത്തുകളെ വേരോടെ അറുത്തു മാറ്റാത്ത കാലത്തോളം, ഇനിയും ഗീതമ്മമാരുടെ ചോര നമ്മുടെ മണ്ണിൽ വീണുകൊണ്ടേയിരിക്കും.
*ഡോ. സരുൺകുമാർ. ആർ.*
സംസ്ഥാന ലഹരിവിരുദ്ധ സമിതി
sarunkumar.in
https://whatsapp.com/channel/0029Vb60KPY2Jl8L8Mw4zS13